Sunday, May 25, 2008

കര്‍ണാടകത്തില്‍ ബി.ജെ.പി




ബാംഗ്ലൂര്‍: ചരിത്രത്തിലാദ്യമായി ബിജെപി ദക്ഷിണേന്ത്യയില്‍ കാലുറപ്പിയ്‌ക്കുന്നു. ഏറെക്കാലമായി കര്‍ണാടകത്തില്‍ നീണ്ടു നിന്ന രാഷ്ട്രീയ അസ്ഥിരതയ്‌ക്ക്‌ വിരാമമിട്ടു കൊണ്ടാണ്‌ ബിജെപി അധികാരത്തിലെത്തുന്നത്‌.

ആകെയുള്ള 224 സീറ്റുകളില്‍ ഫലം പുറത്തു വന്നപ്പോള്‍ ബിജെപി 110 സീറ്റുകളില്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന്‌ 113 സീറ്റാണ്‌ വേണ്ടിയിരുന്നത്‌.

തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്‌ 80 സീറ്റിലെ വിജയവുമായി തൃപ്‌തിപ്പെടേണ്ടി വന്നു. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാമെന്ന്‌ തെളിയിച്ച എച്ച്‌.ഡി കുമാരസ്വാമിയുടെ ഗൗഡാദള്‍ വെറും 28 സീറ്റിലൊതുങ്ങി.

സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ അഞ്ചു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്‌. കര്‍ണാടകത്തില്‍ ബി.എസ്‌ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ്‌ 28ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‌ക്കുമെന്ന്‌ ബിജെപി നേതൃത്വം അറിയിച്ചു.

ചൊവ്വാഴ്‌ച വൈകിട്ട്‌ ബാംഗ്ലൂരില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം യെദിയൂരപ്പയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. അധികാരത്തിലെത്തിയാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന്‌ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായാണ്‌ ബിജെപി ഒറ്റയ്‌ക്ക്‌ അധികാരത്തിലെത്തുന്നത്‌. മധ്യ കര്‍ണാടകത്തിലും ബാംഗ്ലൂരിലും നടത്തിയ വന്‍ മുന്നേറ്റമാണ്‌ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്‌.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പ ഷിമോഗയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. എച്ച്‌.ഡി കുമാരസ്വാമി 40000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാമനഗരം മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മുന്‍മുഖ്യ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ധരംസിങ്‌, ബംഗാരപ്പ, അംബരീഷ്‌, എം.പി പ്രകാശ്‌ തുടങ്ങിയ പ്രമുഖര്‍ പരാജയം രുചിച്ചു.

224 മണ്ഡലങ്ങളില്‍ മൂന്ന്‌ ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്‌‌. രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരക്കൊതിയില്‍ തകര്‍ന്നടിഞ്ഞ ജനാധിപത്യം ഈ തിരഞ്ഞെടുപ്പോടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്‌.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന്‌ എസ്‌എം കൃഷ്‌ണ
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്‌ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയ എസ്‌എം കൃഷ്‌ണ പറഞ്ഞു.കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമാകുകയെന്നതാണ്‌ ഇനി കോണ്‍ഗ്രസിന്‌ മുന്നിലുള്ള ലക്ഷ്യം.തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ താന്‍കുറച്ചുകൂടി നേരത്തേ എത്തേണ്ടതായിരുന്നു. ബിജെപിയ്‌ക്ക്‌ ഭാവുകങ്ങള്‍ നേരുന്നു- അദ്ദേഹം പറഞ്ഞു.ഏറെ പ്രതീക്ഷയോടെയാണ്‌ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കോണ്‍ഗ്രസ്‌ പ്രചാരണത്തിന്‌ ഇറക്കിയിരുന്നു. എന്നാല്‍ മത്സരത്തിന്‌ അണിനിരത്തിയ എം പി പ്രകാശ്‌, അംബരീഷ്‌ തുടങ്ങിയ പ്രമുഖര്‍ പോലും പരാജയപ്പെടുകയാണുണ്ടായത്‌.തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ചശേഷം പുതിയ നയസമീപനങ്ങളോടെ മുന്നോട്ടുപോകുമെന്ന്‌ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷക സംഘത്തിലെ അംഗമായ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കര്‍ണ്ണാടകത്തില്‍ പാര്‍ട്ടി സ്വീകരിച്ച തന്ത്രം പരാജയപ്പെട്ടതായി കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.

No comments: