Wednesday, January 20, 2010

ജഡ്ജിയും കള്ളുഷാപ്പും

എന്‍റെ കോളേജ് ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളെപറ്റി രണ്ടു വാക്കുകള്‍ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങീട്ടു കാലം കുറച്ചായി. ഇപ്പോഴെങ്കിലും അതിനു സാധിച്ചല്ലോ എന്ന സന്തോഷമുണ്ട്.

കോളേജ് ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിവരുന്നത് ഞങ്ങളുടെ രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസ്സ്‌റൂമിലെ ഒരു രംഗമാണ്. മര്‍ക്കന്‍റ്റയില്‍ ‍ ലോ (mercantile law) എന്നൊരു സബ്ജക്റ്റ് ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. അത് പഠിപ്പിക്കുന്നതകട്ടെ തവളയുടെ കണ്ണുകള്‍പോലത്തെ കണ്ണുകളും ഞാന്‍‍മുന്‍‍പേ ഞാന്‍മുന്‍‍പേ എന്ന ഭാവത്തില്‍ ഉന്തിനില്‍ക്കുന്ന ‍കുടവയറും ഉള്ള ആജാനുബാഹുവായ ഒരു വിസിറ്റിംഗ് പ്രൊഫസറും. അഭിഭാഷക-രാഷ്ട്രീയ മേഖലകളില്‍ ‍പ്രവര്‍‍ത്തിക്കുന്ന ആളാണ് കക്ഷി.

വിസിറ്റിംഗ് പ്രൊഫെസ്സര്‍ ആയതുകൊണ്ട് കുട്ടികളുടെമേല്‍ ‍അദേഹത്തിന് നിയത്രണം തീരെകുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ ‍ പിള്ളേര്‍ ‍ അദ്ദേഹത്തിന്‍റെ ക്ലാസ്സ്‌ ആഘോഷിക്കാനുള്ള ഒരു അവസരമായാണ്‌ കണ്ടതും. അസാധാരണമായ 'കോമിക്' കണ്ണുകളും മുഖഭാവവും ചേഷ്ട്ടകളും എല്ലാംകൂടി ഒരു കോമാളിയുടെ പ്രതിച്ചായയാണ് ഞങ്ങള്‍ ‍അദേഹത്തിന് ചാര്‍‍ത്തികൊടുത്തത്. കുട്ടികള്‍ ഒരുവശെ അധ്യാപകന്‍ ‍മറ്റൊരുവശെ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സ്. ഇതിനൊക്കെ പുറമേ സാറിന്‍റെ കണ്ണിനു കാഴ്ച അല്‍പ്പം കുറവാണോ എന്നൊരു സംശയവും കുട്ടികള്‍‍ക്കിടയില്‍ ‍ബലമായുണ്ടായിരുന്നു. ‌ ഇത് മുതലെടുക്കാനെന്നോണം ക്ലാസ് നടക്കുന്നതിനിടെ ചിലര്‍ ‍ജന്നല്‍ വഴിയും വാതില്‍ വഴിയും പുറത്തേക്കു ഊളിയിടുക, സാറിനെ വട്ടിളക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ ‍ പതിവായിരുന്നു. ഇതൊക്കെ കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ‍അദ്ദേഹവും.

കള്ളുഷാപ്പ്, സിനിമ ‍പ്രതെയ്കിച്ചും അഭിലാഷ പടങ്ങള്‍‍, വായീനോട്ടം തുടങ്ങിയവ പ്രധാന കലാപരിപാടികളായി സ്വീകരിച്ചിരുന്ന ഞങ്ങള്‍‍ക്ക് ഇതില്‍ ‍ഏത് എപ്പോ സാധിച്ചെടുക്കാം എന്ന വ്യഗ്രതയായിരുന്നു മിക്കപ്പോഴും. അങ്ങിനെയൊരു ദിവസം ഞങ്ങളുടെ ഈ സാര്‍ അദ്ദേഹത്തിന്‍റെ വിഷയത്തില്‍ നിന്നൊക്കെ മാറി കോടതികളെ പറ്റിയും, ഹൈകോടതിയുടെ റിട്ട് അധികാരങ്ങളെ പറ്റിയും ജഡ്ജിമാരെപറ്റി മൊത്തമായും അസാധാരണമായ ആവേശത്തോടെ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി.

പ്രായോഗിക വിഷയങ്ങളായാതുകൊണ്ട് ക്ലാസ്സ്‌ ഏറെകുറെ നിശബ്ദമായിരുന്നു. പതിവിനു വിപരീതമായി കുട്ടികള്‍ ബഹുമാനിക്കുന്നെന്നോ മറ്റോ കരുതിയാവണം അദ്ദേഹത്തിന് ആവേശം കൂടി കൂടി വന്നു. അഞ്ചു റിട്ടുകളെ പറ്റിയും അവയുടെ സവിശേഷതകളെപറ്റിയും പറഞ്ഞിട്ട് അത്യധികം ആവേശഭരിതനായി ജഡ്ജിമാരെയും അവരുടെ അധികാരങ്ങളെയും പറ്റി സംസാരിക്കാന്‍ ‍തുടങ്ങി. 'ജഡ്ജിയെന്നു പറഞ്ഞാല്‍ ‍ സര്‍‍വ്വവിധ അധികാരങ്ങളും ഉള്ള ആളാണ്, ജഡ്ജിയുടെ അധികാര വ്യാപ്തി വളരെ വലുതാണ്. കോടതിയിലെന്നല്ല ഒരു ജഡ്ജി എവിടെയിരുന്നാലും അവിടം കോടതിയാണ്, എവിടെയിരുന്നും ജഡ്ജിക്ക് തന്‍റെ വിധി പ്രസ്താവം നടത്താം’ എന്നോക്കെ പറഞ്ഞ് ജഡ്ജിമാരുടെ കേറോഫില്‍ ‍ക്ലാസ്സ്‌ പൊടിപൊടിക്കുന്നു. ജഡ്ജിമാരുടെ ഈ അധികാരവ്യാപ്തി കേട്ട് അന്തംവിട്ട്‌ പിള്ളേരും. എങ്ങിനെയെങ്കിലും ഒരു ജഡ്ജിയായിരുന്നെങ്കില്‍ എന്നായിരുന്നു മിക്കവന്‍റെയും ചിന്ത.
ഇതിനിടക്ക്‌ രണ്ടാം നിരയിലെ ബഞ്ചില്‍ എന്‍റെ തൊട്ടടുത്ത്‌ ഇരിക്കുന്ന, കള്ളുഷാപ്പ് എന്നും ഒരു ബാലഹീനതായയിരുന്ന സുഹൃത്തിന് പൊടുന്നനെ ഒരു സംശയം. അവന്‍ ഉറക്കെ സാറിനോട്: "സാര്‍..ജഡ്ജി ഷാപ്പിലാണെങ്കിലോ...???"
മിനിട്ടുകളോളം തകര്‍ത്ത് ചിരിച്ചുമറിഞ്ഞ ക്ലാസ്സില്‍ ‍എന്താപറയേണ്ടതെന്നറിയാതെ എന്താ ചെയ്യേണ്ടതെന്നറിയാതെ സ്തംഭിച്ചു നിന്നുപോയ സാറിന്‍റെ മുഖം മനസ്സില്‍ ‍ ഇപ്പൊഴുമൊണ്ട്. ഏകദേശം 4-5 മിനിട്ട് വേണ്ടിവന്നു സാറിന് സമനിലവീണ്ടെടുക്കാന്‍. ഞങ്ങളുടെ കോപ്രയങ്ങള്‍ക്ക് അതുവരെ ഒന്നുംപ്രതികരിക്കാതിരുന്ന സാര്‍ അന്ന് എന്തായാലും പ്രതികരിച്ചു..ശക്ത്തമായിതന്നെ. എന്‍റെ സുഹൃത്തിനെ നോക്കി സാര്‍ അലറി "get out"..!!!

പിന്നീടു തൊഴിലിന്‍റെ ഭാഗമായി പലതലത്തിലുള്ള ജഡ്ജിമാരുമായും നേരിട്ട് ഇടപെടേണ്ടി വന്നിട്ടുള്ള എനിക്ക് കറുത്ത കോട്ടും ഗവുണും വെള്ള ബാണ്ടും കെട്ടി ഇടം കയ്യില്‍ കള്ളുകുപ്പിയും വലംകയ്യില്‍ ഗാവലും പിടിച്ചു ഷാപ്പിലിരിക്കുന്ന ആ ‘സാങ്കല്‍പ്പിക ജഡ്ജിയെയും’; സാറിന്‍റെ ഗെറ്റ് ഔട്ടും ഓര്‍‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ അറിയാതെ ചിരിപൊട്ടുന്നു.

11 comments:

Unknown said...

kollam...Nice....കറുത്ത കോട്ടും ഗവുണും വെള്ള ബാണ്ടും കെട്ടി ഇടം കയ്യില്‍ കള്ളുകുപ്പിയും വലംകയ്യില്‍ ഗാവലും പിടിച്ചു ഷാപ്പിലിരിക്കുന്ന ആ ‘സാങ്കല്‍പ്പിക ജഡ്ജി..

Ithu kalackiii

Unknown said...

Kollam....കറുത്ത കോട്ടും ഗവുണും വെള്ള ബാണ്ടും കെട്ടി ഇടം കയ്യില്‍ കള്ളുകുപ്പിയും വലംകയ്യില്‍ ഗാവലും പിടിച്ചു ഷാപ്പിലിരിക്കുന്ന ആ ‘സാങ്കല്‍പ്പിക ജഡ്ജി" Ithu adipoli!!

Unknown said...

അനൂപേ
സാധാരണക്കാര്‍ക്ക് മനിസിലാകുന്ന ഭാഷയില്‍ എഴുതിയതിന്‌ നന്ദി
കൊള്ളാം...
www.tomskonumadam.blogspot.com

താരകൻ said...

ha..ha very funny...

കണ്ണനുണ്ണി said...

ആ ഗെറ്റ് ഔട്ട്‌ കൊണ്ട് അവന്‍ രക്ഷപെട്ടു...അല്ലെ..

Mohanan Kulathummulayil said...

കൊള്ളാം ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്തനെന്നരിയമോ?

ഈപ്പറഞ്ഞ വേഷത്തില്‍ ബ്ലോഗ്ഗര്‍ ഇരിക്കുന്നത്തെ മനസ്സില്‍ കാണുന്നു.രസകരമായ വിഷയം.

ഉറുമ്പ്‌ /ANT said...

:))

ആര്‍ദ്ര ആസാദ് / Ardra Azad said...

ചിരിപ്പിച്ചു.
:))

അനൂപ്‌ വാസു said...

ഇതു വായിച്ചു കുറിപ്പുകള്‍ എഴുതിയവരും വെറുതെ വായിച്ചു കടന്നുപോയവരുമായ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി. സ്മയിലി ഇട്ട സുഹൃത്തിനും നന്ദി.
പിന്നെ മോഹന്‍ (kuwait bakers blog), താങ്കളുടെ ആ ചിന്ത എനിക്കും ഇഷ്ട്ടപെട്ടു. കൊള്ളം !!. ചിന്തതോ രക്ഷ്തോ...!
ഒരു പക്ഷെ ഷാപ്പില്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിച്ചേക്കാം. അത് ഒരിക്കലും 'ഈപറഞ്ഞ' വേഷത്തിലാകില്ല. അത് ഉറപ്പ്. .

ഭായി said...

അഭിലാഷയുടെ ആരാധകനായ അനൂപ്, പ്രൊഫസറോട്
“സര്‍ ജഡ്ജി അഭിലാഷയെ കണ്ടാലോ“ എന്ന് ചോദിക്കാത്തത് ഫാഗ്യന്‍.. :-)

സംഭവം ചിരിപ്പിച്ചൂ.

രഘുനാഥന്‍ said...

ഹ ഹ ന്യായമായ ചോദ്യം തന്നെ...ജഡ്ജി ഷാപ്പിലാണെങ്കില്‍ വിധി പ്രസ്താവിച്ചു കൂടെ..
"പ്രതിയെ അയാളുടെ മരണം വരെ കള്ള് കുടിപ്പിക്കുക" എന്നത് പോലെയുള്ള വിധികള്‍?